എനിക്കായ് വിടരും വെളിച്ചം
അതിനെ പുകഴ്ത്തുന്നു പൂക്കള്‍
മുന്നോട്ടു പോകും വഴിയില്‍
വാരി വിതറിടുന്നൂര്‍ജ്ജസ്ഫുലിംഗം.
ആയിരം ശംഖിന്‍ ഹൃദയം
നിറഞ്ഞൊന്നിച്ചൊരോംകാര നാദം
എന്നും മുഴക്കുന്നെനിക്കായ്
ദൂരസാഗരരാഗകല്ലോലം.
ഒഴിയും കുടങ്ങള്‍ നിറച്ചും
നിറയും കുടങ്ങള്‍ ചെരിച്ചും
ഉടയും കുടങ്ങള്‍ മറച്ചും
പുതിയ കുടങ്ങള്‍ ചമച്ചും
ആകാശക്കുന്നിന്‍ ചരുവില്‍
എന്നും ഒഴുകുന്നെനിക്കായി ഗംഗ.
കനികള്‍ പഴുത്തു ചുവന്നു
കൊഴിയുംപോല്‍, കാവിയും ചുറ്റി
രാവിന്‍റെ കാനനം പൂകും
പകലവനെന്നുമെനിക്കായ്
വഴികാട്ടിയാവുകയല്ലേ,
തിരിയില്ലാദീപസ്മൃതിയായ്.
കാണാതിതൊന്നുമേ
കേള്‍ക്കാതെയറിയാതെ
കേള്‍ക്കാതെയറിയാതെ
നൂല്‍പാലമൊന്നില്‍ പിടപ്പൂ
ഞാന്‍,ഒരു ഭ്രാന്തന്‍
ചിലന്തിക്കു വിഷവുമായ്
ചിലന്തിക്കു വിഷവുമായ്
അടയാളവാക്യം* ജപിച്ചും,
തകരും ചിലന്തിയോടോപ്പ-,
മീനൂല്‍ എന്ന താളക്രമങ്ങള്‍ മറന്നും,
മീനൂല്‍ എന്ന താളക്രമങ്ങള്‍ മറന്നും,
ഞാനുണ്ട് ഞാനെന്നുമെന്ന ‘ലസാഗു’**വിന്‍
തെളിവൊക്കെ വെട്ടിത്തിരുത്തി,
തോരണം ചാര്‍ത്തി ചിരിക്കും പ്രകൃതി തന്‍
പാഠങ്ങള്‍ പാടേ മറന്നും.
*പാസ് വേഡ്
**ലഘുതമ സാധാരണ ഗുണിതം (LCM)
**ലഘുതമ സാധാരണ ഗുണിതം (LCM)