Wednesday, 31 October 2012

കൊക്കും പശുവും തമ്മില്‍ പറഞ്ഞത്













മൗനത്തിന്‍ മാനത്തെ വെണ്മയില്‍ മുങ്ങിയ
മാനത്തുകണ്ണിയെ തിന്ന കാര്യം;
ധ്യാനത്തിലോളമോടുങ്ങിക്കടലിന്റെ-
യാഴത്തില്‍ മുത്തു മയങ്ങും കാര്യം.
കൂട്ടായിത്തീര്‍ന്ന പശുവിന്റെ ക്ഷേമത്തില്‍
താല്പര്യം കാട്ടുന്ന ഭാവത്തോടെ
പുല്ലു വളരാന്‍ സഹായമാണെന്നപോല്‍
മണ്ണിലെക്കീടങ്ങള്‍ തിന്നുകൊണ്ടേ
കെട്ടുപൊട്ടിച്ചു സ്വതന്ത്രയാകാന്‍ ന്യായം
മന്ത്രിച്ചു പശുവിന്‍ വഴി തെളിച്ചു.

        പാലു ചുരത്താത്ത പെണ്ണിന്റെ മാറത്തെ
        നോവില്‍ തല  ചായ്ക്കും   മക്കള്‍ക്കായി
        പുല്ലിനെ പാലാക്കി മാറ്റുന്ന യജ്ഞത്തെ
        കെട്ടായിക്കാണാന്‍ പറഞ്ഞിടല്ലേ.
        വെള്ള നിനക്കു പുറത്തു മാത്രം പക്ഷെ
        വെണ്മയെനിക്കു മനസ്സില്‍ മൊത്തം.

എന്റെതാണാത്തൊടി എന്താണവിടെന്ന്
ചിന്തിച്ചു ഞാനൊരാള്‍ ചെന്ന നേരം
കെട്ടഴിച്ചീടാന്‍ കരഞ്ഞൂ  പശു, വിണ്ണിന്‍
വിസ്തൃതിയോര്‍ത്തു പറന്നു കൊക്കും.      

Sunday, 7 October 2012

പുഴുക്കുത്ത്

 









  

  പച്ചവെള്ളം പോല്‍ നേര്‍ത്ത
  പച്ചിലക്കുരുന്നിന്മേല്‍
  പറ്റിച്ചേര്‍ന്നിരിക്കുന്നു
  പുഴുക്കള്‍ഞരമ്പുപോല്‍ .
  പുഴുവെക്കണ്ടാല്‍ ചിത്ര -
  ശലഭച്ചിറകോര്‍ക്കാം
  കോഴിയും പക്ഷങ്ങളില്‍
  ക്രൌഞ്ചരോദനം കേള്‍ക്കാം
  ഉടയും വല്മീകത്തില്‍
  രാക്ഷസമുഖം കാണാം
  ഉരുകും മനസ്സിന്റെ
  തനിയാവര്‍ത്തനം കേള്‍ക്കാം .

  കാഴ്ചകള്‍ കുഴയുന്നു ,
  പുഴുകുത്തിയതെല്ലാം
  നീക്കുമ്പോള്‍ തെളിയുന്ന -
  തവ്യക്ത നീലാകാശം ;
  പുഴു തിന്നതും പുഴു-
  കുത്താതെ തിന്നുന്നതും
  പുഴുവായ് തിന്നുന്നതും
  പുഴുവെ തിന്നുന്നതും
  അറിയാനറിയിക്കാ -
  നുള്ളതാം പശ്ചാത്തല -
  മതിലുണ്ടൊരു വിള്ള -
  ലെന്മുഖമോളിക്കുവാന്‍ .          

Saturday, 6 October 2012

ഇടവേള

ഒരിക്കല്‍കൂടിയൊന്നു 
തെളിയാന്‍ പറ്റാത്ത
മണ്‍വിളക്കിന്‍ കൂമ്പാരത്തില്‍ 
തിരയുന്നനാഥത്വം 
ആരുടെ ചിമിഴേതെ-
ന്നറിയാന്‍ വിലാപങ്ങ-
ളമരുമിരുളിന്റെ 
തിരയായനുവേലം.

പുറങ്ങള്‍ സ്വയം മായ്ചു 
തെളിയുമര്‍ദ്ധ(ത്ഥ)ങ്ങളി-
ലിളകും നിറം ചാര്‍ത്തി 
നാഥത്വമണിഞ്ഞവര്‍ 
ശരിയാം പേരു തേടു-
ന്നുരുളും കളിപ്പന്തിന്‍ 
വഴികളൊടുങ്ങുന്ന 
സീമന്ത സാനുക്കളില്‍ .

ഇരുളും വെളിച്ചവു-
മിടവിട്ടൊളിപ്പിക്കും 
പോരുളിന്നപൂര്‍ണ്ണത 
മധുവായ് കിനിയുമ്പോള്‍ 
വെറുതേ ചിരിക്കുന്ന 
വഴിവക്കിലെ പൂക്കള്‍ 
വിടചൊല്ലുവാനുള്ള 
കണ്മഷിയൊരുക്കയായ്.

തിരച്ചിലൊടുങ്ങുന്നൂ   
മറ്റൊരുതിരയായി 
ചിരിക്കുന്നുത്തരങ്ങള്‍ 
മറു ചോദ്യമായ് നീളേ. 
തലയും വാലും ചൊല്ലി 
നാണയമെറിഞ്ഞുള്ള 
തിരയല്‍ തീരുന്നിട-
ത്താകട്ടെയിടവേള. 

            
       
   

Thursday, 4 October 2012

സത്നംസിംഗ്സുരക്ഷിതന്‍ *

എത്ര തുറന്നാലും തീരാതെ മുറിയുള്ള 
വിസ്തൃതമാകുമീ കൊട്ടാരത്തില്‍ 
കണ്ടതിന്‍ കാളിമ വിസ്മൃതമായിടാന്‍ 
താനേയടുത്ത മുറി തുറന്നു.

ഇണചേര്‍ന്നു ചിറകു മറന്നവര്‍ പാറ്റകള്‍ ,
അതുതിന്നാനാശിച്ചു വലയുമായി 
കാലെട്ടും പൊന്തിച്ചു സന്നദ്ധനായ്നിന്ന 
ഭീമന്‍ ചിലന്തിയുമോടി,യെന്നും
മൂലകള്‍ സൂക്ഷിക്കും കൂരിരുട്ടില്‍ രക്ഷാ-
താവളമാശ്രയം എന്നറിഞ്ഞോര്‍ .

രക്ഷപ്പെടേണ്ടവര്‍  പാര്‍ക്കുമിടങ്ങളില്‍ 
രക്ഷയില്ലെന്നതറിഞ്ഞടുത്ത    
വാതില്‍ തുറന്നു, വെളിച്ചമെത്തും മുന്‍പേ 
കാലിന്റെ കീഴിലായ് സ്ഫോടനങ്ങള്‍ ;
ഓട്ടത്തില്‍ തോറ്റോരു പാറ്റയെ തോളേറ്റി
ശാശ്വത ശാന്തി കവാടമെത്താന്‍ 
നീങ്ങുമുറുമ്പിന്റെ  ജാഥ തകര്‍ന്നുപോയ്;
ദാഹിച്ചു നാവു വരണ്ടുപോയി.
ശീതീകരണിയില്‍ സൂക്ഷിച്ച മുന്തിരി-
ച്ചാറിന്റെ മൂടി തുറന്നു; മൂന്നു 
ശാന്തി മന്ത്രങ്ങളും നാവില്‍ മരവിച്ചു 
ധ്യാനിച്ചു പല്ലി കിടന്നിടുന്നു.

പിന്നെ കൊട്ടാരങ്ങള്‍ സംഗമതീര്‍ത്ഥങ്ങള്‍ 
എല്ലാം വെടിഞ്ഞു കുതിച്ചു 
എങ്ങോ തുടങ്ങിയ കാറ്റില്‍ ഒടുങ്ങാതെ 
എന്നുമടിക്കുന്ന കാറ്റില്‍ 
വീണപൂവോ പിന്നെ വിണ്താരമാകുമോ 
എന്നൊന്നുമൊട്ടുമോരാതെ 
നിത്യസുരക്ഷിത സ്ഥാനം തിരയുവാന്‍,
തെക്കോട്ടു തന്നെയായ് യാത്ര;
ദക്ഷിണാമൂര്‍ത്തിതന്‍ ദൃഷ്ടിരഥം, രാമന്‍ 
സീതയെ തേടി കരഞ്ഞ പഥം,
ആയുസ്സിന്‍ പട്ടങ്ങള്‍ നൂലു പോട്ടുന്നേരം 
താനേ പറന്നു പതിക്കുന്നിടം.

അമൃതിനായ് മത്തിട്ടു മറുപിള്ളയായ്‌ വന്ന 
കാളകൂടത്തെ പൊറുക്കാന്‍ 
കണ്ഠമടഞ്ഞവര്‍ വാടക വാക്കിന്റെ 
കാളയെ ചന്തക്കിറക്കി **    
'മാനമാണു ബന്ധമോക്ഷങ്ങള്‍ക്കു കാരണ'-
മെന്നതു നന്നായുറയ്ക്കാന്‍ 
മാനവസേവയെയാതുരസേവയെ 
നാരായാണസ്സേവയാക്കും 
എത്തിയ ലക്ഷ്യത്തില്‍ എല്ലാം സുനിശ്ചിതം 
പൂര്‍ണ്ണമാകുന്നിങ്ങു യാത്ര.

പാപിക്കു രക്ഷ കുരിശുള്ളില്‍ മറ്റൊരാള്‍ 
മാറിചച്ചുമക്കുന്നതെന്നും 
ഒന്നുമില്ലായ്മയിലുടമസ്ഥനായിടു
ന്നെല്ലാതിനെന്നുമറിഞ്ഞും 
നേടുവാന്‍ നഷ്ടമാകാനോന്നുമില്ലാതെ 
പോഷിച്ചും ശോഷിച്ചും വീശും 
കാറ്റായി കാലന്റെ മുഷ്ടിയില്‍ ; ഹാ! ഇപ്പോള്‍ 
എന്തു സുരക്ഷിതം സത്യം;
എത്ര സ്വതന്ത്രം അമൃതം.  

* അമൃതപുരിയില്‍ അക്രമസ്വഭാവം കാണിച്ച ബീഹാറുകാരന്‍ ചെറുപ്പക്കാരന്‍ കൊലക്കുറ്റത്തിന് പോലീസ് കസ്റ്റടിയില്‍ . മാനസിക രോഗിയാണെന്നു കണ്ട് ചികിത്സിക്കാന്‍ തിരുവനന്തപുരം മാനസികാശുപത്രിയില്‍ പ്രവേശിപ്പിച്ചു രണ്ടാമത്തെ ദിവസം മരിച്ചു. മറ്റാരൊക്കെയോ കൊലക്കുറ്റത്തിനു പ്രതികളായി.

** പാലാഴിമധനം-നീലകണ്ഠന്‍...