Sunday, 27 November 2011

വിള്ളല്‍

നിറയരുത്, നിറഞ്ഞാല്‍ തുളുമ്പും,
തുളുമ്പിയാല്‍ പോകും വഴി അറിയില്ല.
നിറയരുത്, അകം വിങ്ങും,
ബലം കുറയും, വിള്ളല്‍ വീഴും,
അണക്കെട്ടുകള്‍ തകരും,
അപ്പുറം ഇപ്പുറം ഇല്ലാതെ 
ഇരമ്പി പാഞ്ഞ്‌ ഒഴുക്കു പിന്‍വലിയും.
പിന്നെ? വ്യതിരിക്തതമായ
ശ്മശാനനിശ്ശബ്ദതയുടെ ഇടനാഴിയില്‍
അവകാശത്തിനുവേണ്ടി 
ആരു യുദ്ധം ചെയ്യും?

ശാന്തിയുടെ സമുദ്രത്തിലേക്കുള്ള 
മഹാപ്രയാണത്തിന്‍ മുമ്പേ,
സംഭരിക്കാന്‍  നിറക്കാന്‍,   
ഒഴുക്ക് തടയാതിരിക്കാം.
കൈവഴികളിലേക്ക്, കൈക്കുടന്നയിലേക്ക്,
കാത്തിരിക്കും ഹൃദയങ്ങളിലേക്ക്,
ഇത്തിരിനാള്‍ കൂടി ഒഴുകാം.

അല്ലെങ്കില്‍, 
നാളെയുടെ ഇന്നലയിലേക്കുള്ള,
പോകുന്നതിനു മുമ്പേ തിരിച്ചുവരുന്ന,
വിള്ളലില്ലാത്ത വേഗതയുടെ 
വന്യതയിലേക്ക് കാലാതീതമായി 
ഒഴുകാം.

ഇരുട്ടില്‍ തപ്പാതെ 
എന്നും അപ്പുറത്തുള്ള 
വെളിച്ചത്തില്‍ കൂടുകെട്ടാം;
പഴയ കാലം ഇപ്പോഴും   
ഉരുണ്ടും ഇരുണ്ടും നിഴലിട്ടും ഉണ്ടല്ലോ
ഈ മണ്ണില്‍. 

Thursday, 17 November 2011

മയക്കം

എവിടെയോ പൂവുകള്‍ വിരിയുന്നുണ്ടാവം;    
അത് കാണാന്‍  കഴിയാതെ എന്‍റെ കണ്ണുകള്‍  
തോരാമഴയത്ത് പുഴുവുറങ്ങുന്ന
പൂമൊട്ടിന്‍റെ ഉറക്കമില്ലായ്മയിലേക്ക്
ഇടയ്ക്കിടെ ഒളിഞ്ഞുനോക്കുന്ന
നിലാവിന്‍ നനവിലേക്ക്
ഒതുങ്ങി അടയുന്നു.

വൈദ്യുത വിളക്കിന്‍റെ ചൂടില്‍
ഉറക്കം നിഷേധിക്കപ്പെട്ട വളര്‍ച്ചയുടെ രാവില്‍
തടിക്കുന്ന പേശീഭാരത്തില്‍
തൂങ്ങിയ ചിറകുകള്‍ക്കുള്ളില്‍
അര്‍ത്ഥമുറങ്ങിയ അക്ഷരങ്ങളുടെ
ചീര്‍ത്ത മൃതശരീരം പോലെ
ഉറക്കം നടിച്ചിരിക്കുന്ന
ബ്രോയലര്‍ കോഴികളുടെ കണ്ണുകള്‍
വിരസമായ കാഴ്ചകളുടെ നിശ്ചലതയില്‍
ഒട്ടിയടഞ്ഞിരിക്കുന്നു.

കുറിയോ കുരിശോ നിസ്കാരത്തഴമ്പോ ഉള്ള 
ജീവിതാന്ത്യം പിടപ്പ് എന്ന ധര്‍മ്മവാക്യം
ചൂളമടിച്ചു വരുന്ന
വിദഗ്ദ്ധന്‍റെ കാലൊച്ചക്ക്
ശ്രുതി തേടുന്നു ചെവികള്‍.

ഒടുങ്ങിയ ചിറകടികളും
അടുത്തും അകന്നും പോകുന്ന ശബ്ദങ്ങളും
ചില്ലറയുടെ കിലുക്കവും
ഹൃദയതാളത്തിന്‍റെ ചൂടറിഞ്ഞ്
തെറ്റാതെ മരക്കുറ്റിയില്‍ വീഴുന്ന
മഴുവിന്‍റെ ശബ്ദവും
ഈ ധര്‍മ്മവാക്യത്തിന്‍റെ
ഉള്ളടക്കങ്ങള്‍ ആകുന്നു.

രക്തവും കാഷ്ടവും തീറ്റബാക്കിയും ചേര്‍ന്ന,
ഒരു ബകന്‍റെ എമ്പക്കത്തിന്‍റെ ചൂര്
വാതിലിന്‍റെ ദീര്‍ഘനിശ്വാസങ്ങളില്‍ കുടുങ്ങാതെ
നിറഞ്ഞുനില്‍ക്കുന്നു.

പരസ്പരം സ്പര്‍ശിക്കുന്ന
മഞ്ഞുമുനയുള്ള ചുണ്ടുകള്‍
സംവേദിക്കുന്നത് ഒരേ നിര്‍വികാരത.
നാക്കുറഞ്ഞ വാക്കുകള്‍ക്ക്
എന്നും ഒരേ രസം.
സാന്ദ്രമായ ഏകതാനത.

ഇണചേരാതെ പിറന്ന
കന്നിന്‍റെ മാംസവും
പഴുതാരയെ തിന്നാത്ത
പരിണയം ചെയ്യാത്ത
കോഴിയുടെ കാലും കരളും
പാലിനെക്കാളും മുട്ടയെക്കാളും
നല്ലത്, ഞങ്ങള്‍‍ക്കിഷ്ടം.

മൂന്ന് നേരവും അത് കഴിച്ച്
അവരുടെ ശാന്തിക്കു വേണ്ടി
ഞങ്ങള്‍ അമറിവിളിക്കട്ടെ ഉന്നതങ്ങളില്‍
കൂകി തെളിയട്ടെ അരങ്ങുകളില്‍.
പ്രജനനത്തിനു വേണ്ടിയല്ലാതെ
അരക്കെട്ടുകള്‍ ആടിത്തളരട്ടെ;
ഓരോ ഉരുളയും സ്വന്തം ഉദകക്ക്രിയയാണെന്നും
ഓരോ പിടപ്പും ജിവിതാന്തമെന്ന
പുനര്‍ജ്ജനിയാണെന്നതും
മറന്നു മയങ്ങാന്‍.

Saturday, 5 November 2011

കരിമ്പിന്‍പുഴ

എന്‍ ശിരസ്സില്‍(1) വെളുക്കും നരയല്ല,  
എന്‍റെയുള്ളില്‍ നുരയും ചിരിയാണ്;                      
എന്‍ ചിരിതന്‍ വെളുപ്പ്‌ ചതിയല്ല,           
മധുരമൂറി നിറയും നിറമാണ്;
എന്നുമെന്‍   കാതില്‍  കാറ്റൊളിപ്പിച്ചിടും
വാക്കിന്‍  ചാമരം  പൂത്ത  കുളിരാണ്.

           മധുരമിപ്പുഴക്കരതന്‍ വരമാണ്
 ‍          മധുരമുപ്പില്‍ കടഞ്ഞ മനസ്സാണ്;
           മധുരം വിളവിന്‍റെ പ്രായമറിയിക്കും
           വഴിതന്നര്‍ദ്ധവിരാമസ്മൃതിയാണ്. 


എന്‍റെ പൊക്കമെന്‍ വേരുകളൂന്നുന്ന 
മണ്ണിന്‍ ഔദാര്യശീലത്തിന്‍ പോക്കമാ-
ണെന്‍റെയോലതന്‍ മൂര്‍ച്ച  കാപട്യങ്ങള്‍                        
ച്ച്ചിന്നമാക്കുമെന്‍  നാവിന്‍റെ നോവാണ്. 
         
           മധുരമൊക്കെയെന്‍ ഉടലില്‍ ഞാന്‍  ‍സൂക്ഷിപ്പൂ,
           അതു ചവച്ചും കടിച്ചുമെടുക്കുവോര്‍ 
           ഉയിരുപോകാത്തൊരെന്‍തല(2)  ചെറിയൊരു
           കുഴിയില്‍ മണ്ണിന്‍റെ മടിയില്‍ വച്ചീടുകില്‍ 
           മധുരം നിങ്ങള്‍ക്കു നാളെയും നല്‍കുവാന്‍ 
           ചിരിതന്‍ ചാമരം ചൂടി ഞാന്‍ നിന്നിടും.


**     **     **     **     **     **     **     **     **     **

എന്‍റെ നാട്  കരിമ്പിന്‍പുഴയിലി-    
ന്നില്ല  തുണ്ട്  കരിമ്പിന്‍റെ ചണ്ടിയും 
മധുരമിത്തിരി  ചുമ്മി  നടന്നൊരു   
വഴി  തെളിക്കാന്‍  കുറുമ്പുള്ള  കൂട്ടരും.
ഇല്ലൊഴുക്ക്  പുഴ  ഉപ്പുകായലായ്, 
ഇല്ല  മുങ്ങുവാന്‍  ധ്യാനപ്പൊന്‍മാനുകള്‍(3),
ഇല്ല  മാനത്തുകണ്ണി   തണല്‍  പറ്റി
കാത്തു  നിന്ന  കടവിന്‍  കിനാക്കളും.

           ഉള്ളതാരുമേനോക്കാതെ, അക്കത്തിന്‍(4) 
           മുന്നിലായോരു പേര്, തപാലിന്‍റെ
           മങ്ങി മാഞ്ഞു മറന്ന മൂലയ്ക്കായി,
           നഷ്ടമായ വിലാസം തിരഞ്ഞിടും 
           വണ്ട്  തീറ്റപ്പുഴുവിന്‍ ചുമടുമായ് 
           കൂടുതേടുമിടത്തിന്‍റെ ഓര്‍മയായ്‌.

ഓര്‍ത്തിരിക്കാനടയാളമായൊരു  
കാഴ്ച്ചയെങ്കിലുമവ്യക്തമാകിലും
ബാക്കിയെങ്കിലത്  ജീവിത്തിന്‍റെ.
ഭാഗ്യമെന്നുള്ള  തെറ്റ്  തിരുത്തുവാന്‍
കാറ്റടിച്ചു കൊഴിയും കരിയില 
കാട്ടിടും വഴി കാതോര്‍ത്തിരിപ്പു ഞാന്‍.
                   ____________________
1.കരിമ്പിന് വെഞ്ചാമരം പോലുള്ള പൂവാണ്.
2.കരിമ്പിന്‍റെ മണ്ട വെട്ടിയാണ് നടുന്നത്.
3.ഒരു കല്ല്‌ പോലെ വെള്ളത്തില്‍ വീണു ഇര പിടിച്ചു പറന്നു പോകുന്ന പക്ഷി.
4.പി
ന്‍കോഡ്. 
                                            

Tuesday, 1 November 2011

ഒരു തുടക്കം

ഇന്ന് കേരളപിറവി. എല്ലാ പിറവികളെയും ഓര്‍ക്കുന്നു.  

മുറിയാതിരിക്കയാണമ്ബെ നിന്‍ മൌനം     
സ്വന്തം  പിറവി  മറക്കുന്നോരറിവിന്‍ കാട്ടിനുള്ളില്‍ !!

... "മൂകാംബിക" എന്ന എന്‍റെ കവിതയില്‍ നിന്ന്.