Sunday, 7 October 2012

പുഴുക്കുത്ത്

 









  

  പച്ചവെള്ളം പോല്‍ നേര്‍ത്ത
  പച്ചിലക്കുരുന്നിന്മേല്‍
  പറ്റിച്ചേര്‍ന്നിരിക്കുന്നു
  പുഴുക്കള്‍ഞരമ്പുപോല്‍ .
  പുഴുവെക്കണ്ടാല്‍ ചിത്ര -
  ശലഭച്ചിറകോര്‍ക്കാം
  കോഴിയും പക്ഷങ്ങളില്‍
  ക്രൌഞ്ചരോദനം കേള്‍ക്കാം
  ഉടയും വല്മീകത്തില്‍
  രാക്ഷസമുഖം കാണാം
  ഉരുകും മനസ്സിന്റെ
  തനിയാവര്‍ത്തനം കേള്‍ക്കാം .

  കാഴ്ചകള്‍ കുഴയുന്നു ,
  പുഴുകുത്തിയതെല്ലാം
  നീക്കുമ്പോള്‍ തെളിയുന്ന -
  തവ്യക്ത നീലാകാശം ;
  പുഴു തിന്നതും പുഴു-
  കുത്താതെ തിന്നുന്നതും
  പുഴുവായ് തിന്നുന്നതും
  പുഴുവെ തിന്നുന്നതും
  അറിയാനറിയിക്കാ -
  നുള്ളതാം പശ്ചാത്തല -
  മതിലുണ്ടൊരു വിള്ള -
  ലെന്മുഖമോളിക്കുവാന്‍ .          

No comments:

Post a Comment